കേരളത്തിലെ ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും സർക്കാരിന്റെ വിഷൻ 2031-ന്റെ ഭാഗമായും ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിക്കുന്ന സുരക്ഷിതം 3.0- എന്ന മൂന്നാമത് രാജ്യാന്തര കോൺക്ലേവ് എറണാകുളം, കാക്കനാട്, കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആമുഖ സന്ദേശം നൽകിയ കോൺക്ലേവ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ.എ.പി.എം.മുഹമ്മദ് ഹനീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. 'സുരക്ഷിതം 3.0’ ഇന്റർനാഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനത്തോടൊപ്പം അപകടകരമായ ഫാക്ടറികളിൽ നിന്ന് വിഷവാതകചോർച്ച ഉണ്ടാവുകയാണെങ്കിൽ പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ സംവിധാനമായ റോസേഴ്സ് (റിമോട്ട് സെൻസിംഗ് എനേബിൾഡ് കെമിക്കൽ എമർജൻസി റെസ്പോൺസ് സിസ്റ്റം) എന്ന ഗവേഷണ പദ്ധതിയുടെയും കാക്കനാട് ഓഫീസ് കോംപ്ലക്സിന്റെയും ഉദ്ഘാടനം ബഹു.മന്ത്രി നിർവഹിച്ചു.

തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ.എസ്.ഷാനവാസ് സ്വാഗതം ആശംസിച്ചു. തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സ്ൺ ശ്രീമതി.രാധാമണി പിള്ള, കിലെ ചെയർമാൻ ശ്രീ.കെ.എൻ.ഗോപിനാഥ്, തൃക്കാക്കര മുൻസിപ്പാലിറ്റി വാർഡ് കൌൺസിലർ ശ്രീ.എം.ഒ.വർഗീസ്, ISSA ജർമനി പ്രസിഡന്റ് പ്രൊ.കാൾ ഹെയൻസ് നോട്ടൽ, ഇൻഡോ ജർമൻ കോ-ഓപറേഷൻ ഫോർ സേഫ്റ്റി ഹെൽത്ത് ആൻഡ് വെൽ ബീയിംഗ് മേധാവി ശ്രീ. അവ്നീഷ് സിംഗ്, ISRO-യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ, റീജിയണൽ ജനറൽ മാനേജരായ ഡോ.എസ്.കെ.ശ്രീവാസ്തവ്, ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് MC&MFCG ഡയറക്ടർ ഡോ.വി.ജയരാമൻ, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്, ഡയറക്ടർ ശ്രീ.ഹരികൃഷ്ണൻ, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.ശങ്കർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ ശ്രീ.പി.പ്രമോദ് നന്ദി അറിയിച്ചു.
2031-ഓടെ സംസ്ഥാനത്ത് വ്യവസായശാലകളിലെ തൊഴിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും പൂർണമായും ഇല്ലാതാക്കുക എന്നതാണ് "ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപേഷണൽ സേഫ്റ്റി & ഹെൽത്ത്"-ന്റെ ലക്ഷ്യം. ജർമൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ് ഏജൻസിയായ DGUV ജർമനി, ഇൻഡോ ജർമൻ കോ-ഓപറേഷൻ ഫോർ സേഫ്റ്റി ഹെൽത്ത് ആൻഡ് വെൽ ബീയിംഗ്, നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ) എന്നിവയുടെ സഹകരണത്തോടെ പാനൽ ചർച്ചകൾ ഉൾപ്പെടെ രണ്ട് ദിവസങ്ങളിലായി വിവിധ സെഷനുകൾ ഈ അന്താരാഷ്ട്ര കോൺക്ലേവിൽ നടന്നു.
തൊഴിൽ ആരോഗ്യ, സുരക്ഷിതത്വ മേഖലയിലെ ജർമ്മനി, സ്വീറ്റ്സർലൻഡ്, നോർവേ, ഡെൻമാർക്ക്, ഫ്രാൻസ്, ആസ്ട്രേലിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം അന്താരാഷ്ട്ര വിദഗ്ധരും, ഈ മേഖലയിലെ IIT റൂർക്കി, IIT ഖരക്പൂർ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വിദഗ്ധരും വിവിധ സെഷനുകൾ കൈകാര്യം ചെയ്ത ഈ കോൺക്ലേവിൽ ഇൻഡസ്ട്രിയൽ(കെമിക്കൽ ഡിസാസ്റ്റർ മാനേജ്മെന്റ്), കൺസ്ട്രക്ഷൻ സേഫ്റ്റി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആന്റ് മെഷീൻ ലേണിംഗ് ആപ്ലിക്കേഷൻസ് ഇൻ സേഫ്റ്റി, ഒക്കുപ്പേഷണൽ ഹെൽത്ത്, പ്രോസസ് സേഫ്റ്റി, ഫയർ സേഫ്റ്റി എന്നീ മേഖലയിലെ ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്നുള്ള തൊഴിൽ സുരക്ഷാ വിദഗ്ധരുമാണ് വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയത്.
ഇൻഡസ്ട്രിയൽ(കെമിക്കൽ ഡിസാസ്റ്റർ മാനേജ്മെന്റ്) എന്ന സെഷനിൽ വ്യാവസായികവും രാസപദാർത്ഥവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയാനും ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നത് സംബന്ധിച്ച വിശദമായ ആശയങ്ങൾ ഡോ.മുരളി തുമ്മാരുകുടി അടക്കമുള്ള പ്രമുഖ വിദഗ്ധർ പങ്കുവച്ചു. കൺസ്ട്രക്ഷൻ സേഫ്റ്റി സെഷനിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ, അപകട നിയന്ത്രണ സംവിധാനങ്ങൾ, ഉദ്പാനക്ഷമതയും ക്ഷേമവും കൂട്ടുവാനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് ഈ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ സെഷനുകൾ നടന്നു.
സുരക്ഷാരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും മെഷീൻ ലേണിംഗും ഉപയോഗിച്ച് അപകടങ്ങൾ മുൻകൂട്ടി കണ്ടെത്താനും പ്രതിരോധിക്കാനും സഹായിക്കുന്ന നവീന സാങ്കേതിക വിദ്യകൾ എങ്ങനെ വ്യവസായ സ്ഥാപനങ്ങൾ പ്രായോഗിക തലങ്ങളിലേക്ക് എത്തിക്കാമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആന്റ് മെഷീൻ ലേണിംഗ് ആപ്ലിക്കേഷൻസ് ഇൻ സേഫ്റ്റി എന്ന സെഷനിൽ DGUV-ൽ നിന്നടക്കമുള്ള പ്രതിനിധികൾ വിശദീകരിച്ചു. തൊഴിൽ ആരോഗ്യം എന്ന സെഷനിൽ തൊഴിലിടങ്ങളിലെ ആരോഗ്യ സംരക്ഷണം, മാനസിക ആരോഗ്യം എന്നീ സൂചകങ്ങൾ വിഷൻ സീറോ എന്ന കാഴ്ചപ്പാട് ആസ്പദമാക്കി വിവിധ മേഖലയിലെ ആസ്ട്രേലിയയിൽ നിന്നടക്കമുള്ള മെഡിക്കൽ വിദഗ്ധർ ക്ലാസുകൾ അവതരിപ്പിച്ചു.
പ്രോസസ് ഇൻഡസ്ട്രികളിലെ സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റവും കോൺസിക്വൻസ് മോഡലിംഗ് സോഫ്റ്റ് വെയറുകളും അടിസ്ഥാനപ്പെടുത്തിയുള്ള ഡെമോ സെഷനുകൾ ഉൾപ്പെടുത്തിയുള്ള ചർച്ചകൾ പ്രോസസ് സേഫ്റ്റി സെഷനിൽ നടന്നു. കെമിക്കൽ ഇൻഡസ്ട്രികളിലും വ്യവസായ സ്ഥാപനങ്ങളിലുമുണ്ടാകുന്ന അഗ്നിബാധാ സുരക്ഷയും നിയന്ത്രണങ്ങളും ഡിസൈൻ ഘട്ടത്തിൽതന്നെ ഉൾപ്പെടുത്തി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫയർ സേഫ്റ്റി സിസ്റ്റങ്ങൾ പരിചയപ്പെടുത്തികൊണ്ടുള്ള സെഷനുകൾ ഫയർ സേഫ്റ്റി സെഷനിൽ നടന്നു.
ഫാക്ടറി സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ ഉപകരണങ്ങളുടെയും അഗ്നിശമന ഉപകരണങ്ങളുടെയും 17 സ്റ്റാളുകളും ആട്ടോമോഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപകരണങ്ങളുടെ 3 സ്റ്റാളുകളും ഉൾപ്പെടെ ഇരുപത് സ്റ്റാളുകൾ പ്രദർശനത്തിന് ഉണ്ടായിരുന്നു. സ്റ്റാളുകളുടെ ഔപചാരിക ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ.എ.പി.എം.മുഹമ്മദ് ഹനീഷ് നിർവ്വഹിച്ചു.







